Latest Updates

കൊളസ്ട്രോള്‍ പേടിയില്‍ ഇഷ്ടപ്പെട്ടിരുന്ന പല ഭക്ഷണ വിഭവങ്ങളും പലര്‍ക്കും ഒഴിവാക്കേണ്ടി വരാറുണ്ട്. ഹൃദ്രോഗമുള്‍പ്പെടെ പല രോഗസങ്കീര്‍ണതകളിലേക്കും നയിക്കുമെന്നതിനാല്‍ കൊളസ്ട്രോളിനെ നിസ്സാരമാക്കി കാണാനും കഴിയില്ല. കൂടുതല്‍ പോഷകസമ്പുഷ്ടമായ ബദല്‍ ഭക്ഷ്യ മാര്‍ഗങ്ങളിലേക്ക് ചുവട് മാറുക എന്നതാണ്  ഈയവസരത്തില്‍ അഭികാമ്യമായ കാര്യം.   

ഉയര്‍ന്ന കൊളസ്ട്രോളിന് കാരണമാകുന്ന ചില ഭക്ഷണവിഭവങ്ങള്‍ക്ക് പകരം വയ്ക്കാവുന്ന ആരോഗ്യ സമ്പുഷ്ടമായ മറ്റ് ചില വിഭവങ്ങള്‍ പരിചയപ്പെടാം. 

1. സംസ്കരിച്ച റെഡ് മീറ്റിന് പകരം മൃഗങ്ങളുടെ അവയവങ്ങള്‍

കരള്‍, കുടല്‍, തലച്ചോര്‍ പോലുള്ള മൃഗങ്ങളിലെ അവയവങ്ങള്‍ നല്ല കൊളസ്ട്രോളിന്‍റെ സമ്പന്ന  സ്രോതസ്സാണ്. ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് സംസ്കരിച്ച റെഡ് മീറ്റിന് പകരം ഇത്തരം അവയവങ്ങളെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

2. ചിപ്സിന് പകരം പോപ്കോണ്‍

ചിപ്സ് പോലെ ഉയര്‍ന്ന ട്രാന്‍സ് ഫാറ്റ് ഉള്ള സ്നാക്സുകള്‍ക്ക് പകരം ഒലീവ് എണ്ണയിലോ മറ്റ് സസ്യ എണ്ണകളിലോ വീട്ടില്‍ തന്നെ തയാര്‍  ചെയ്യുന്ന പോപ്കോണ്‍ ഉപയോഗിക്കാവുന്നതാണ്. തിയേറ്ററുകളിലും മറ്റും വാങ്ങാന്‍ കിട്ടുന്ന ബട്ടറും ട്രാന്‍സ്ഫാറ്റും അടങ്ങിയ പോപ് കോണല്ല മറിച്ച് വീട്ടിലുണ്ടാക്കുന്ന പോപ്കോണ്‍ തന്നെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. 

3. വെണ്ണയ്ക്ക് പകരം ഒലീവ് എണ്ണ

വെണ്ണയ്ക്ക് പകരം ഒലീവ് എണ്ണ പോലുള്ള സസ്യ എണ്ണകള്‍ ഭക്ഷണം  ഉപയോഗപ്പെടുത്തുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 

4. കാന്‍ഡികള്‍ക്ക് പകരം ബെറി പഴം

ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയ കാന്‍ഡികള്‍ക്ക് പകരം ബെറി പഴങ്ങളും ഓറഞ്ചും ആപ്പിളുമൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ബെറി പഴങ്ങളില്‍ പെക്ടിന്‍ എന്ന ഫൈബറിന്‍റെ തോത് അധികമാണ്. ഇത് രക്തത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 

5. ഐസ്ക്രീമിന് പകരം യോഗര്‍ട്ട്

പ്രോട്ടീന്‍, കാല്‍സ്യം, സിങ്ക്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയ തണുപ്പിച്ച യോഗര്‍ട്ട് ഐസ്ക്രീമിന് പകരം ഉപയോഗിക്കാം. ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയ ഐസ്ക്രീം കൊളസ്ട്രോളും വര്‍ധിപ്പിക്കും. 

6. അനോരാഗ്യകരമായ സ്നാക്കുകള്‍ക്ക് പകരം നട്സ്

പായ്ക്ക് ചെയ്ത നാച്ചോസ്, ചിപ്സ് എന്നിവയ്ക്കെല്ലാം പകരം നട്സ്, ആല്‍മണ്ട്, വാള്‍നട്ട്, ഉണക്ക മുന്തിരി പോലുള്ളവ സ്നാക്സായി ഉപയോഗിക്കാം. 

7. ജങ്ക് ഫുഡിന് പകരം വീട്ടില്‍ തയാറാക്കുന്ന ഭക്ഷണം

പിസ, ബര്‍ഗര്‍, കേക്ക്, കുക്കീസ് പോലുള്ള ജങ്ക് ഫുഡുകള്‍ക്ക് പകരം  പച്ചക്കറിയും ഇറച്ചിയും മീനും മുട്ടയുമെല്ലാം  ഉപയോഗിച്ച് നാം വീട്ടില്‍ തന്നെ തയാറാക്കുന്ന ഭക്ഷണം കഴിക്കാനും ശ്രമിക്കേണ്ടതാണ്. ജങ്ക് ഫുഡില്‍ ട്രാന്‍സ് ഫാറ്റും സാച്ചുറേറ്റഡ് ഫാറ്റും സോഡിയവും പഞ്ചസാരയുമെല്ലാം ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ ഇത് കൊളസ്ട്രോള്‍ തോത് ഉയര്‍ത്തും. 

Get Newsletter

Advertisement

PREVIOUS Choice